ക്വാലാലംപുര്‍ : അഴിമതി ആരോപണം നിലനില്‍ക്കുന്ന മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 40,000ത്തിലധികം പേര്‍ പങ്കെടുത്തതായി മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് റാലി നടന്നത്. തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനും സുതാര്യതക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബെര്‍സിഹ് എന്ന സര്‍ക്കാരിതര സംഘടനയാണ് റാലിക്ക് ആഹ്വാനംചെയ്തത്.
ബാരിസന്‍ നാഷനല്‍ സഖ്യത്തെ നയിക്കുന്ന 62കാരന്‍ നജീബിനെതിരെ ഉയര്‍ന്നിരിക്കുന്ന ജനങ്ങളുടെ രേഷം രാജ്യത്ത് വഴിത്തിരിവുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞമാസമാണ് പ്രധാനമന്ത്രിയുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി 700 മില്യണ്‍ ഡോളര്‍ എത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. ഇത് പശ്ചിമേഷ്യയില്‍നിന്നുമുള്ള സംഭാവനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ബെര്‍സിഹിന്റെ മഞ്ഞനിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍നിന്നായി മെര്‍ദേക സ്‌ക്വയറിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. തിങ്കളാഴ്ച മലേഷ്യയുടെ 58ാമത് ദേശീയ ദിനം മെര്‍ദേകയില്‍ ആചരിക്കുകയാണ്. ദേശീയദിന ആഘോഷങ്ങള്‍ തടയാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് നജീബ് ആരോപിച്ചു. ഇവര്‍ രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്വാലാലംപുരില്‍നിന്ന് നജീബ് പഹാങ് സംസ്ഥാനത്തേക്ക് പോയിരുന്നു.
സര്‍ക്കാറിനെ താഴെയിറക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് റാലിയില്‍ പങ്കെടുത്ത ബെര്‍സിഹ പ്രവര്‍ത്തകന്‍ വോങ് ചിന്‍ ഹ്വാത് പറഞ്ഞു. തെറ്റുകള്‍ തിരുത്താനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ തെരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള കടപ്പാട് മറന്നവര്‍ക്കുള്ള താക്കീതാണ് റാലിയെന്ന് മുന്‍ പ്രധാനമന്ത്രിയും നജീബിന്റെ കടുത്ത എതിരാളിയുമായ മഹാതിര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.
അഴിമതി ആരോപണത്തില്‍ അന്വേഷണം നടത്തിയിരുന്ന ആറ്റോണി ജനറലിനെയും നജീബിനെ ചോദ്യംചെയ്തിരുന്ന ഉപപ്രധാനമന്ത്രിയെയും തല്‍സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
Discussion about this post