കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ മൊഴി പകര്‍പ്പ് ചോര്‍ന്ന സംഭവത്തില്‍ കുരുങ്ങി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ്. തോമസ് ഐസക്കിന്റെ പഴ്സണല്‍ സ്റ്റാഫിലെ ഒരാളില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. മൊഴിപ്പകര്‍പ്പ് പരസ്യപ്പെടുത്തിയതില്‍ ഒരാളാണ് ഇദ്ദേഹമെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണിത്. കസ്റ്റംസിനുള്ളില്‍ നിന്നാണ് ഇയാള്‍ക്ക് മൊഴിപ്പകര്‍പ്പ് എത്തിയതെന്നാണ് സംശയം.
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയില്‍ മൂന്നുപേജാണ് പുറത്തായത്. ഇത് ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരെക്കുറിച്ച് മാത്രമുള്ളതായിരുന്നു. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു മൊഴിപ്പകര്‍പ്പ് ചോര്‍ന്നത്. സംഭവത്തില്‍ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മിഷണറെ ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.
മൊഴിപ്പകര്‍പ്പ് ലഭിച്ചതും അത് പങ്കുവച്ചതും പഴ്സണല്‍ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
Discussion about this post