തിരുവനന്തപുരം: തന്റെയുള്ളിലെ ദൈവബോധം പരിണാമ വിധേയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ദൈവം എന്താണ് ദൈവം ഉണ്ടോ എന്ന തലകെട്ടില്‍ എബ്രഹാം മാത്യുവുമായി ഒരു സ്വകാര്യ മാധ്യമത്തിൽ നടത്തിയ സംഭാഷണത്തിലാണ് എം.എ ബേബി തന്റെ കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ചും ദൈവചിന്തയേക്കുറിച്ചും തുറന്നു പറയുന്നത്. താങ്കളില്‍ ദൈവബോധമുണ്ടോ? ദൈവഭയമുണ്ടോ? ദൈവനിഷേധമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് അത് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പള്ളിയില്‍ പോകുമ്പോള്‍ പകര്‍ന്നു കിട്ടിയ ക്രിസ്തീയ ദൈവബോധം, തുടര്‍ന്ന് കൂട്ടുകാരനില്‍ നിന്ന് മനസിലാക്കിയ മറ്റുമതങ്ങളിലെ ദൈവ ബോധം, പിന്നീട് ദൈവവും പിശാചും തമ്മില്‍ ഓരോരുത്തരിലുമുണ്ടെന്ന മൂല്യബോധം- അങ്ങനെ പരിണാമ വിധേയമായതാണ് അത് എന്ന് ബേബി പറയുന്നു.
‘ആദിമ മനുഷ്യന്‍ ആരംഭിച്ച ദൈവനിര്‍മ്മിതി മനുഷ്യന്‍ ഓരോ തരത്തില്‍ ഇന്നും തുടരുന്നു. മനുഷ്യനിര്‍മ്മിതികളില്‍ അത്യന്തം ഗംഭീരമായതാണ് ദൈവ സങ്കല്‍പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ കലാകാരന്മാരും സാഹിത്യകാരന്മാരും ചേര്‍ന്ന് ഏറ്റെടുത്തിട്ടുള്ള ഒരു സൃഷ്ടി കര്‍മ്മമാണ് ദൈവസങ്കല്‍പത്തിന്റെ നിര്‍മ്മാണം. അതാകട്ടെ ഒട്ടേറെ തവണ പൂര്‍ത്തിയായിട്ടുള്ളതാണ്. എന്നിട്ടും തൃപ്തിവരാതെ പുനരാംരംഭിച്ചതുമാണ്. മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ ഏറ്റവുംകാലം ജീവിച്ചുവളര്‍ന്നുകൊണ്ടേയിരിക്കുന്ന ഭാവന ദൈവത്തിന്റേതാണ്. ഇനി എത്ര നൂറ്റാണ്ടുകള്‍ ഏതെല്ലാം മനോഹരവും ഒപ്പം വിചിത്രവുമായ ജന്മങ്ങളിലൂടെ ദൈവം സഞ്ചരിക്കാനിരിക്കുന്നു എന്ന് ദൈവത്തിനും പോലു അറിവുണ്ടാവില്ല’ ബേബി പറയുന്നു.
തനിക്ക് ദൈവഭയമില്ലെന്നും ശിക്ഷിക്കുന്ന/ രക്ഷിക്കുന്ന ദൈവം എന്നത് മനുഷ്യ സ്വഭാവം ദൈവത്തില്‍ ആരോപിക്കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം തന്റെ രൂപത്തില്‍ മനുഷ്യനെ സൃഷ്ടിക്കുകയാണോ ചെയ്തത് അതോ മനുഷ്യന്‍ തന്റെ രൂപത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടെ ദൈവത്തെ സൃഷ്ടിക്കുകയാണോ എന്നത് ആലോചിക്കാവുന്നതാണെന്നും ബേബി വ്യക്തമാക്കി.
ബാല്യകാലത്തെ പള്ളിയുമായി ബന്ധപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ പിന്നീടൊരിക്കലും മോഹിച്ചിട്ടില്ല. എന്നാൽ ആരാധനാലയങ്ങള്‍ സൗകര്യം കിട്ടിയാല്‍ സന്ദര്‍ശിക്കാന്‍ ഇന്നും താത്പര്യവും കൗതുകവുമുണ്ട്. അതിന്റെ വാസ്തുശില്‍പ മനോഹാരിതയും മനുഷ്യാധ്വാനത്തിന്റെയും കലാനൈപുണ്യത്തിന്റെയും അപാരധന്യതയുമാണ് അതിന് തന്നെ പ്രേരിപ്പിക്കുന്നതെന്നും സിപിഎം നേതാവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post