കണ്ണൂർ: കതിരൂരിലെ സിപിഎം കേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ടി പി വധക്കേസുമായി ബന്ധപ്പെട്ട രമീഷിന്റെ രണ്ട് കൈപ്പത്തിയും നിശ്ശേഷം തകർന്നതായി റിപ്പോർട്ട്. അഴിയൂർ സ്വദേശി രമീഷ് അടക്കം രണ്ട് സിപിഎം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. സിപിഎം കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു സ്റ്റീൽ ബോംബ് നിർമ്മാണം.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകരായ രമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണ സംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രമീഷന്‍റെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ പൂർണ്ണമായും അറ്റു പോയി. ടി പി കേസിലെ മുഖ്യപ്രതിയായ കൊടി സുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂർ സ്വദേശിയായ രമീഷ്. രമീഷ് ടി പി വധക്കേസിൽ നിന്നും രക്ഷപ്പെട്ടതിൽ ബിജെപി അടക്കമുള്ള പാർട്ടികൾ ദുരൂഹത ആരോപിച്ചിരുന്നു.
അതേസമയം ബോംബ് നിർമ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാൾ വ്യാജ പേരിൽ ചികിത്സ തേടിയത് വിവാദമായി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സിപിഎം പ്രവർത്തകൻ കള്ളപ്പേരിൽ ചികിത്സ തേടിയത്. ഇയാൾ കൊലപാതക കേസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അഞ്ച് സിപിഎം പ്രവർത്തകരാണ് ബോംബ് നിർമ്മിച്ചതെന്നും അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.












