തിരുവനന്തപുരം : തീവണ്ടികൾ നിർത്തലാക്കുമെന്ന പ്രചരണം നിഷേധിച്ച് ഇന്ത്യൻ റെയിൽവേ. ലാഭകരമല്ലാത്ത സ്റ്റോപ്പുകളും ട്രെയിനുകളും നിർത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
ഇപ്പോൾ നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നിലവിലുള്ള റൂട്ടുകൾ മുംബൈ ഐഐടിയുടെ സഹകരണത്തോടെയാണ് പരിഷ്കരിക്കുന്നത്.അസമയങ്ങളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ തീവണ്ടികൾ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതുമടക്കം നിലവിലുള്ള പോരായ്മകൾ മുഴുവൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കോവിഡ് വ്യാപനം കുറയുന്നതനുസരിച്ച് പുതിയ സമയപ്പട്ടിക നിലവിൽ വരുമെന്നും തിരക്കുള്ള പാതകളിൽ ക്ലോൺ തീവണ്ടികൾ ആരംഭിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം-കന്യാകുമാരി പാതയിരട്ടിപ്പിക്കൽ, നേമം കൊച്ചുവേളി ടെർമിനൽ നിർമ്മാണം എന്നിവയുടെ പണികൾക്കായി 250 കോടി രൂപ റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസ് വെളിപ്പെടുത്തി. പാതയിരട്ടിപ്പിക്കലിന് വിശദമായ പദ്ധതി റിപ്പോർട്ട് ഉടൻ തയ്യാറാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.









