ന്യൂഡൽഹി : വൻ അഴിമതി നടത്തി രാജ്യംവിട്ട നിരവ് മോഡിയെ പിന്തുണച്ച് മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു.ബിജെപി സർക്കാർ നീരവ് മോഡിയെ ബലിയാടാക്കുകയാണെന്ന ആരോപണം ഉയർത്തിയ മാർക്കണ്ഡേയ കട്ജു നീരവ് മോദിക്കു വേണ്ടി യു.കെ കോടതിയിൽ ഹാജരാകുമെന്ന് ദേശീയ മാധ്യമമായ എക്കണോമിക് ടൈംസിനോട് വെളിപ്പെടുത്തി. വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും കട്ജു കോടതി മുൻപാകെ മൊഴി കൊടുക്കുക.
നേരത്തെ, നിരവധി കേസുകളിൽ പ്രതിയായ വജ്ര വ്യാപാരി നീരവിനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനും കട്ജു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.നീരവ് മോഡിയും അമ്മാവനായ മെഹുൽ ചോക്‌സിയും വഞ്ചനാ കുറ്റത്തിനും പണം തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനുമടക്കം നിരവധി കേസുകളിൽ ഇന്ത്യയിൽ നിയമ നടപടി നേരിടുന്നവരാണ്. ഇവർ മൂലം കബളിപ്പിക്കപ്പെട്ട അനവധി പേർ പരാതിയുമായി കേന്ദ്രമന്ത്രാലയത്തെയും കോടതികളെയും സമീപിച്ചിട്ടുണ്ട് എന്നിരിക്കെയാണ് കട്ജുവിന്റെ ഈ നിലപാട്.കട്ജുവിന്റെ നിലപാടിനെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കേന്ദ്രസർക്കാർ വിരോധം നിമിത്തം നിരവ് മോഡിയെ പോലുള്ള അന്തരാഷ്ട്ര കുറ്റവാളിയെ പിന്തുണക്കുക വഴി മുൻ സുപ്രീം കോടതി ജസ്റ്റിസ് സ്വീകരിക്കുന്നത് രാജ്യവിരുദ്ധ നിലപാടുകളാണ് എന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.










