കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നാംഗർഹാറിൽ നടന്ന താലിബാൻ ഭീകരാക്രമണത്തിൽ 16 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
നാംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലെ ഗന്ധുമാകിൽ പരിശോധന നടത്തിക്കൊണ്ടിരുന്ന സൈനികർക്ക് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് സുരക്ഷാ പോസ്റ്റുകൾ നിശ്ശേഷം തകർന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധികളും തമ്മിൽ ഖത്തറിൽ വെച്ച് ശനിയാഴ്ച ചർച്ച നടക്കാനിരിക്കെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരർ നടത്തിയ ആക്രമണത്തെ സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു കൂട്ടരും തമ്മിൽ നിലവിൽ വന്ന ധാരണയിൽ നിന്നും സർക്കാർ പിന്മാറാനാണ് സാദ്ധ്യത.
അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് ഇതോടെ മങ്ങലേൽക്കാനാണ് സാദ്ധ്യതയെന്നും അന്താരാഷ്ട്ര മാദ്ധ്യമം വിലയിരുത്തുന്നു.
Discussion about this post