ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുൻ ആർജെഡി നേതാവുമായ രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു. ഇന്ന് പുലർച്ചെ ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ബിഹാറിലെ വൈശാലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന രഘുവംശ് പ്രസാദ് സിംഗ് ഒന്നാം യുപിഎ സർക്കാരിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആർജെഡിയിൽ നിന്നും രാജി വെച്ച അദ്ദേഹം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു. രഘുവംശ് പ്രസാദ് സിംഗിന്റെ നീക്കം മഹാസഖ്യത്തിന് കനത്ത ആശങ്ക സൃഷ്ടിച്ചിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. രഘുവംശ് പ്രസാദ് സിംഗിന്റെ നിര്യാണം ബിഹാർ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി.
Discussion about this post