കോഴിക്കോട്; കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മാനസികനിലയെ കുറിച്ച് മുഖ്യമന്ത്രിയാണ് വേവലാതി പെടേണ്ടത്.ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും എം.ടി.രമേശ് കോഴിക്കോട് കുറ്റപ്പെടുത്തി.കെ.ടി.ജലീൽ മന്ത്രി സഭയിൽ ബ്രോക്കർ പണിയാണ് ചെയ്യുന്നതെന്നും വിദേശത്തു നിന്നും മുഖ്യമന്ത്രിക്കു വേണ്ടി പണപ്പിരിവ് നടത്തുകയാണ് ജലീൽ ചെയ്യുന്നതെന്നും എം.ടി രമേശ് പറഞ്ഞു. കോഴിക്കോട് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി.രമേശ് .
അതേസമയം, മുഖ്യമന്ത്രിയുടെ കുടുംബത്തിനു സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ബിജെപി ആവർത്തിച്ചു വ്യക്തമാക്കി. സ്വർണക്കടത്തു വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും സ്വപ്നയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യണം. അവരുടെ വിവാഹ സമയത്തെ വിഡിയോ എഡിറ്റ് ചെയ്യാതെ പുറത്തുവിടാൻ മുഖ്യമന്ത്രി തയാറാകണമെന്നും ബിജെപി വെല്ലുവിളിച്ചു.
വീണയുടെ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് ഫർണിച്ചറുകൾ വാങ്ങി നൽകിയത് എവിടെ നിന്നെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ വർഗീയ വാദിയാണ് മന്ത്രി കെ.ടി.ജലീൽ. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളിൽ നിന്നു രക്ഷപെടാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെന്നു വിശുദ്ധ ഖുർആനിൽ കൈവച്ചു സത്യം ചെയ്യാൻ ജലീൽ തയാറാണോ എന്നും സന്ദീപ് വാര്യർ ചോദിച്ചു.
Discussion about this post