സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റും എൻ ഐ എയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെ ന്യായീകരിക്കാൻ അവസാന ശ്രമവുമായി സിപിഎം. ഖുറാന്റെ പേരിൽ വർഗ്ഗീയ വികാരം ആളിക്കത്തിച്ച് ജലീലിനെ വെള്ളപൂശാനാണ് സിപിഎം നീക്കം. ഇതിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനം വ്യാഖ്യാനിക്കപ്പെടുന്നത്.
‘അവഹേളനം ഖുറാനോടോ?‘ എന്ന തലകെട്ടോടെ കോടിയേരി ബാലകൃഷ്ണൻ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനമാണ് വിവാദമായിരിക്കുന്നത്. മാധ്യമങ്ങളെ കടന്നാക്രമിച്ചു കൊണ്ടാണ് കോടിയേരിയുടെ ലേഖനം ആരംഭിക്കുന്നത്. അപസർപ്പക കഥയെ വെല്ലുന്ന കെട്ടുകഥകൾ ദിനംപ്രതി മാദ്ധ്യമങ്ങൾ ഉൽപ്പാദിപ്പിക്കുക ആണെന്നും , ഇതിലൂടെ നടക്കുന്നത് അപവാദ വ്യവസായമാണെന്നും കോടിയേരി വിമർശിക്കുന്നു. ഇത് ജനാധിപത്യ സമരമല്ല, സമരാഭാസമാണെന്നും കോടിയേരി അഭിപ്രായപ്പെടുന്നു.
യു എ ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ മെയ് 27 ന് വന്ന ഖുറാനുകൾ സി. ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്ത് എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. റമദാൻ കാലത്തെ ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചാൽ ക്രിമിനൽ കുറ്റമാണോ എന്ന കോടിയേരിയുടെ ചോദ്യം വർഗ്ഗീയത ലക്ഷ്യമിട്ടുള്ളതാണ്. ഖുർആൻ ഒരു നിരോധിത ഗ്രന്ഥം ആണോ ? ഇന്ത്യയിൽ മോദി ഭരണം ഉള്ളതുകൊണ്ട് റമദാൻ കിറ്റും , ഖുർആൻ വിതരണവും രാജ്യദ്രോഹം ആണോ എന്നും കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു. കൃത്യമായി വർഗ്ഗീയത ലാക്കാക്കിയുള്ളതാണ് ഇത്തരം വാചകങ്ങൾ.
കെ ടി ജലീലിനും എൽഡിഎഫ് സർക്കാരിനുമെതിരെ നടക്കുന്നത് ഖുർആൻ വിരുദ്ധ പ്രക്ഷോഭമാണെന്ന് ലേഖനത്തിൽ പച്ചയായി കോടിയേരി പറഞ്ഞു വെക്കുന്നു. മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ മകൻ ബിനീഷിനേയും ലേഖനത്തിലൂടെ കോടിയേരി വിശുദ്ധനാക്കുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ നിരപരാധിത്വം തെളിയിക്കാൻ ആണ് മകൻ ശ്രമിച്ചതെന്ന് കോടിയേരി പറയുന്നു.
ഇസ്ലാം മത വിശ്വാസികൾക്കിടയിൽ വർഗ്ഗീയ വികാരം ആളിക്കത്തിച്ച് അവസരം മുതലാക്കാനാണ് ലേഖനത്തിലൂടെ സിപിഎം ശ്രമിക്കുന്നത്. ജലീലിനെ ഇരയാക്കി ചിത്രീകരിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനും ഇതിലൂടെ ഉദ്പാദിപ്പിക്കപ്പെടുന്ന വർഗ്ഗീയതയും ഇരവാദവും പാർട്ടിക്ക് അനുകൂലമാക്കി അന്തരീക്ഷം കലുഷിതമാക്കി തടിയൂരാനും അത് വഴി അന്വേഷണങ്ങളെ അതീജീവിക്കാനുമാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
Discussion about this post