ന്യൂഡൽഹി : ബോളിവുഡ് സിനിമാ സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി നടി പായൽ ഘോഷ്.എബിഎൻ തെലുഗു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പായൽ ഇക്കാര്യം വെളിപ്പെടുത്തിയത്.അനുരാഗ് കശ്യപിനെ കണ്ടതിന്റെ പിറ്റേദിവസം അദ്ദേഹം തന്നെ താമസസ്ഥലത്തേക്ക് വിളിപ്പിച്ചുവെന്നും അവിടെ വച്ച് തന്നോട് വളരെ മോശമായി പെരുമാറിയെന്നുമാണ് പായൽ ആരോപിച്ചത്. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് കശ്യപ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിമോചനത്തെ പറ്റിയും പുരുഷാധിപത്യത്തെ കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്റെ ഇരട്ടത്താപ്പാണെന്നും പായൽ പറഞ്ഞു.
തന്റെ ട്വിറ്റർ അക്കൗണ്ടിലും ഇക്കാര്യം തുറന്നു പറഞ്ഞ നടി, അനുരാഗിനെതിരെ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.പായലിന് പിന്തുണ പ്രഖ്യാപിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും രംഗത്തെത്തി. ഇതേ തുടർന്ന്, വനിതാ കമ്മീഷൻ വിശദമായ പരാതി സമർപ്പിക്കാൻ പായലിന് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതെല്ലാം വ്യാജമാണെന്നും അത്തരത്തിലുള്ള സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നുമാണ് അനുരാഗിന്റെ വാദം.
Discussion about this post