കണ്ണൂർ: കണ്ണൂരിൽ വീണ്ടും അക്രമത്തിന് തയ്യാറെടുത്ത് സിപിഎം. മട്ടന്നൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനം നടന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി.
മട്ടന്നൂർ നടുവനാട് വേളപൊയിൽ വി.വി.രാജേഷിനാണ് (35) ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ വീടിനകത്ത് ഇന്നലെ (തിങ്കൾ) രാവിലെയായിരുന്നു സ്ഫോടനം നടന്നത്. ഇരു കൈപ്പത്തികളും അറ്റ നിലയിൽ രാജേഷിനെ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അതിശക്തമായ സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. വീട്ടിൻ്റെ അടുക്കള ഭാഗത്തുണ്ടായ സ്ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. സി.പി.എം ശക്തി കേന്ദ്രമാണ് സ്ഫോടനം നടന്ന സ്ഥലം.
സജീവ സി.പി.എം പ്രവർത്തകനാണ് പരിക്കേറ്റ രാജേഷ്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം നടന്ന വീട്ടിൽ പോലീസ് നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ തെരച്ചിലിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. വാൾ, സൈക്കിൾ ചെയിൻ, നഞ്ചക്, കത്തി, പന്നിപ്പടക്കം തുടങ്ങിയവയാണ് കണ്ടെത്തിയത്.
വീട്ടിനകത്തുവെച്ച് പന്നി പടക്കം നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായെന്നാണ് പോലീസിൽ ആദ്യം ലഭിച്ച വിവരം. അതിനിടെ, സ്ഫോടനം നടന്ന വിവരമറിഞ്ഞെത്തിയ കണ്ണുർ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയെ പ്രദേശത്തെ സി.പി.എം പ്രവർത്തകർ തടഞ്ഞ് കൈയ്യേറ്റം ചെയ്തു.
സി.പി.എം ശക്തികേന്ദ്രമായ കതിരൂരിൽ കഴിഞ്ഞ മാസം ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാളുടെ കൈപ്പത്തികൾ അറ്റുപോവുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.











