ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തരമായി ഇടപെടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസ് ആർ എസ് നരിമാൻ അധ്യക്ഷനായ ബെഞ്ച് പാലം പൊളിച്ചു പണിയാനുള്ള അനുമതി നൽകിയത്. ഇതിനോടൊപ്പം പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
ചെന്നൈ ഐഐടിയുടെ പഠനം, ഈ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.അറ്റകുറ്റപ്പണികൾ നടത്തിയാൽ പാലത്തിലെ പ്രശ്നം പരിഹരിക്കാനാവില്ലെന്നും പൊളിച്ചു പണിയുന്നതാണ് അഭികാമ്യമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്












