കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പു നടത്താന്‍ ഒരു മാസം കൂടി അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നവംബര്‍ 30നു തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി, ഡിസംബര്‍ ഒന്നിനു പുതിയ ഭരണ സമിതി ചുമതലയേല്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, നിലവിലുള്ള അപ്പീലില്‍ ഉപഹര്‍ജിയാണു നല്‍കിയത്. അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥന മാനിച്ച്, ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കും.
ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ടു ഘട്ടമാക്കിയാല്‍ അനാവശ്യ ബദ്ധപ്പാടും സാമ്പത്തിക ഭാരവുമുണ്ടാക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാരിന്റെയും കമ്മിഷന്റെയും ആവശ്യം അംഗീകരിച്ച്, 2010ലും തിരഞ്ഞെടുപ്പിനു കോടതി ഒരു മാസം നീട്ടി നല്‍കി. അതുപോലെ, പുതിയ 28 മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിനു പുതിയ സമിതി ചുമതലയേല്‍ക്കാന്‍ അനുവദിക്കണമെന്ന്, ഹര്‍ജിക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ തദ്ദേശ സെക്രട്ടറി മുഹമ്മദ് ഹനീഷ് ബോധിപ്പിച്ചു.
സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും യോഗം ചേര്‍ന്ന്, വസ്തുതകളും നിലവിലെ പ്രത്യേക സാഹചര്യവും കോടതിയെ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ സമയ ക്രമമനുസരിച്ചു തിരഞ്ഞെടുപ്പു നടത്താന്‍ കമ്മിഷനെയും സര്‍ക്കാരിനെയും അനുവദിക്കണം. പുതിയ 69 പഞ്ചായത്തുകള്‍ രൂപീകരിച്ചതും തിരുവനന്തപുരം, കോഴിക്കോട് കോര്‍പറേഷന്‍ ഭാഗങ്ങള്‍ മുറിച്ചു നാലു മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചതും സിംഗിള്‍ ജഡ്ജി റദ്ദാക്കിയതു ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നില്ല.
കോടതി പറഞ്ഞപോലെ, നിലവിലെ സമിതിയുടെ കാലാവധി തീരുന്ന നവംബര്‍ ഒന്നിനകം തിരഞ്ഞെടുപ്പു നടത്താന്‍ കമ്മിഷനെ എത്ര സഹായിച്ചാലും അതു സാധിക്കില്ല. നിലവിലുള്ള സമിതിയുടെ കാലാവധി തീരുംമുന്‍പ് ഒക്ടോബര്‍ 16നു തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയാലും നവംബര്‍ 30നേ പൂര്‍ത്തിയാകൂ. സര്‍ക്കാര്‍ പുതുതായി 69 പഞ്ചായത്തുകളും 32 മുനിസിപ്പാലിറ്റികളുമാണുണ്ടാക്കിയത്. ഇതില്‍ പഞ്ചായത്തു രൂപീകരണം സിംഗിള്‍ ജഡ്ജി റദ്ദാക്കി. 32 മുനിസിപ്പാലിറ്റികളില്‍ കോര്‍പറേഷന്‍ ഭാഗങ്ങള്‍ ചേര്‍ത്തു നാലെണ്ണം രൂപീകരിച്ചതും റദ്ദാക്കി. ബാക്കിയുള്ള 28 മുനിസിപ്പാലിറ്റികളുടെ രുപീകരണവും കണ്ണൂര്‍ മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ ആക്കിയതും കൊല്ലം കോര്‍പറേഷനില്‍ തൃക്കടവൂര്‍ പഞ്ചായത്തു കൂട്ടിച്ചേര്‍ത്തതും അംഗീകരിച്ചതിനാല്‍ വാര്‍ഡ് പുനര്‍നിര്‍ണയം അനിവാര്യമാണ്.
ആറു ഗ്രാമപഞ്ചായത്തും 30 ബ്ലോക്ക് പഞ്ചായത്തും 13 ജില്ലാ പഞ്ചായത്തും പുനര്‍വിഭജിക്കേണ്ടതുണ്ട്. പുതിയ മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുപ്പു നടത്താനാണു ശ്രമം. പഞ്ചായത്തീരാജ് നിയമപ്രകാരം പരാതി അറിയിക്കാന്‍ അവസരം നല്‍കേണ്ടതിനാല്‍ നവംബര്‍ ഒന്നിനകം നടപടി പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനും സെപ്റ്റംബര്‍ 24നു യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു കോടതിയെ സമീപിക്കുന്നതെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു.
വാര്‍ഡ് പുനര്‍വിഭജന / തിരഞ്ഞെടുപ്പു നടപടിക്കു വേണ്ടി വരുന്ന സമയക്രമം നിശ്ചയിച്ചിരിയ്ക്കുന്നത് ഇപ്രകാരമാണ്:
ആറു ഗ്രാമപഞ്ചായത്തുകളുടെയും 28 മുനിസിപ്പാലിറ്റികളുടെയും രണ്ടു കോര്‍പറേഷന്റെയും വാര്‍ഡ് പുനര്‍നിര്‍ണയ കമ്മിഷന്റെ അന്തിമ ലിസ്റ്റ് നാളെ പ്രസിദ്ധപ്പെടുത്തും. പിറ്റേന്ന് എതിര്‍പ്പുകള്‍ അറിയിക്കാം. പരാതി പരിഗണിച്ച് സെപ്റ്റംബര്‍ 14ന് അന്തിമ ലിസ്റ്റ് ഇടും.
ബ്ലോക്ക് പഞ്ചായത്തിന്റെ കാര്യത്തില്‍ സമാന നടപടി സെപ്റ്റംബര്‍ 16നു തുടങ്ങി അന്തിമ ലിസ്റ്റ് ഒക്ടോബര്‍ മൂന്നിനു തയാറാക്കും.
ജില്ലാ പഞ്ചായത്തിന്റെ നടപടികള്‍ ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച്, എതിര്‍പ്പുകള്‍ 12നു പരിഗണിച്ച് അന്തിമ ലിസ്റ്റ് 14നു പ്രസിദ്ധപ്പെടുത്തും.
തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 30 വരെ 46 ദിവസം വേണം.
Discussion about this post