പാലക്കാട്: ജില്ലയിലെ ദേശീയപാതകളുടെ പ്രവൃത്തികള്‍ മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് നല്കിയ കത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുടങ്ങിക്കിടന്ന വടക്കുഞ്ചേരി മണ്ണുത്തി ദേശീയപാതയുടെ പണികള്‍ ഡിസംബറില്‍ പൂര്‍ത്തിയാകും. കൊച്ചി സേലം ദേശീയപാതയില്‍ വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെ പണി പൂര്‍ത്തിയാവാത്തതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കുതിരാനില്‍ നിര്‍മിച്ച തുരങ്കത്തിന്റെ നിര്‍മാണവും പൂര്‍ണമായിട്ടില്ല. താണാവ് നാട്ടുകല്‍ ദേശീയപാത 966ന്റെ പണികള്‍ 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.
ഇവിടെ 47 ശതമാനത്തോളം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. പാത പൊട്ടിപ്പൊളിഞ്ഞതോടെ പാലക്കാട്-കോഴിക്കോട് റോഡില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുദേശീയപാതകളെയും ബന്ധപ്പെടുത്തി താണാവ് മുതല്‍ ചന്ദ്രനഗര്‍ വരെ ബൈപാസ് റോഡും ഇതോടൊപ്പം പരിഗണനയിലുണ്ട്. ഭാരത്മാല പരിയോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക.
മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്ക് പുതിയ ദേശീയപാത നിര്‍മിക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്നും നിതിന്‍ ഗഡ്കരി മറുപടിയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post