ന്യൂഡൽഹി : ഫെയിം സ്കീമിന്റെ രണ്ടാംഘട്ടത്തിൽ പുതിയ 670 ഇലക്ട്രിക് ബസുകൾക്കും 241 ചാർജിങ് സ്റ്റേഷനുകൾക്കും അനുമതി നൽകി കേന്ദ്ര സർക്കാർ. ഫാസ്റ്റർ അഡോപ്ഷൻ ആന്റ് മാനുഫാക്ച്ചറിങ് ഓഫ് (ഹൈബ്രിഡ്) ഇലക്ട്രിക് വെഹിക്കിൾസ് എന്നതിന്റെ ചുരുക്കപ്പേരാണ് എഫ്എഎംഇ അഥവാ ഫെയിം. ഇ-വാഹനങ്ങൾ നിർമിക്കുന്ന ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര പോലുള്ള കമ്പനികൾക്ക് വലിയ അവസരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് 670 ഇലക്ട്രിക് ബസുകളെത്താൻ പോകുന്നത്.
കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ 241 ചാർജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. 10,000 കോടി രൂപയാണ് മൂന്നുവർഷത്തെ രണ്ടാംഘട്ട ഫെയിം പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഒഴിവാക്കാനും ഫോസിൽ ഇന്ധനങ്ങളെ കൂടുതായി ആശ്രയിക്കുന്നതിൽ മാറ്റം വരുത്താനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
Discussion about this post