മഥുര: മഥുരയിലെ കൃഷ്ണ ജന്മഭൂമി ഹിന്ദുക്കൾക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. മഥുര കൃഷ്ണ ജന്മഭൂമിയിലെ ഓരോ ഇഞ്ചും ഭക്തർക്കും ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഥുര സിവിൽ കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകനായ വിഷ്ണു ജെയ്നാണ് ഹർജിക്കാരൻ.
1968ലെ ഒത്തുതീർപ്പ് കരാർ അശാസ്ത്രീയമാണെന്നും 13.37 ഏക്കർ വരുന്ന കൃഷ്ണ ജന്മഭൂമിയുടെ മുഴുവൻ അവകാശികളും ഹിന്ദുക്കളാണെന്നും ഹർജിയിൽ വാദിക്കുന്നു. ക്ഷേത്ര ഭൂമിയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കൈയ്യേറ്റ നിർമ്മാണമാണെന്നും ഇത് ഒഴിപ്പിക്കണമെന്നും ഹർജിയിൽ പറയുന്നു.
ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചത് കംസന്റെ കാരാഗൃഹത്തിലാണ്. അതിന്റെ പേരിൽ ആ പ്രദേശം മുഴുവൻ ‘കാത്ര കേശവ് ദേവ്‘ എന്നാണ് അറിയപ്പെടുന്നത്. ഭഗവാൻ ജനിച്ച ഇടം നിലവിൽ പള്ളി നിൽക്കുന്ന സ്ഥലത്താണെന്നും ഹർജിയിൽ പറയുന്നു.
മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത് മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ് ആയിരുന്നു. കടുത്ത ഇസ്ലാമികവാദിയായിരുന്ന ഔറംഗസേബ് രാജ്യത്തെ നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. അക്കൂട്ടത്തിൽ ഏ ഡി 1669-70 കാലഘട്ടത്തിൽ തകർക്കപ്പെട്ടതാണ് മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
Discussion about this post