ഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി മാലിദ്വീപ്. ഇരുന്നൂറ് ദശലക്ഷം മുസ്ലീങ്ങൾ സുരക്ഷിതരായി വസിക്കുന്ന ഇന്ത്യ ഇസ്ലാം വിരുദ്ധമാണെന്ന പാകിസ്ഥാന്റെ വാദം കെട്ടുകഥയാണെന്ന് മാലിദ്വീപ് പരിഹസിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം പ്രതിസന്ധിയിൽ ആയിരിക്കുന്ന ഈ അവസരത്തിൽ സാർക്ക് ഉച്ചകോടി നടത്തേണ്ടതില്ലെന്നും മാലിദ്വീപ് ആവശ്യപ്പെട്ടു. മാലിദ്വീപിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ 19ആമത് സാർക്ക് ഉച്ചകോടിക്ക് വേദിയാകാമെന്നും അതുവഴി ഇന്ത്യക്കെതിരെ നയതന്ത്ര നീക്കം നടത്താമെന്നുമുള്ള പാകിസ്ഥാന്റെ സ്വപ്നം പൊലിഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ മാലിദ്വീപിനെ ഏറ്റവുമധികം സഹായിച്ചത് ഇന്ത്യയാണെന്ന് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഇന്ത്യ പ്രഖ്യാപിച്ച 250 മില്ല്യൺ യു എസ് ഡോളറിന്റെ സാമ്പത്തിക പാക്കേജ് അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ഇന്ത്യ നൽകിയ 1.4 ബില്ല്യൺ യു എസ് ഡോളറിന്റെ സാമ്പത്തിക സഹായം രാജ്യത്തിന് വലിയ തോതിൽ ഉപകാരപ്പെട്ടു. സാമൂഹിക- സാമ്പത്തിക മേഖലകളിൽ ഉറച്ച പിന്തുണ നൽകുന്ന ഇന്ത്യ മാലിദ്വീപിന്റെ ഏറ്റവും അടുത്ത വിദേശ സുഹൃത്താണെന്നും അബ്ദുള്ള ഷാഹിദ് അഭിപ്രായപ്പെട്ടു.
മുൻ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണകാലത്ത് ദ്വീപരാഷ്ട്രവും ഇന്ത്യയുമായുള്ള സൗഹൃദത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. എന്നാൽ ഇബ്രാഹിം മുഹമ്മദ് സോളി പ്രസിഡന്റായതോടെ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ദൃഢമായിരുന്നു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുകയും ചെയ്ത ഇന്ത്യയുടെ നടപടികളെ ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഐക്യരാഷ്ട്ര സഭയിലും മാലിദ്വീപ് പിന്തുണച്ചിരുന്നു.
Discussion about this post