ഡൽഹി: യുഎൻ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ എത്രനാള്‍ അകറ്റിനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഘടനയിൽ മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയെ എത്രകാലം ഐക്യരാഷ്ട്രസഭയുടെ തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മാറ്റി നിറുത്തുമെന്നും ലോകത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന ഇന്ത്യയ്ക്ക് എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നും ചോദിച്ചു.
ഭീകരവാദവും കള്ളക്കടത്തും കള്ളപ്പണവും എതിർക്കപ്പെടുമെന്ന് പാകിസ്ഥാന്റെയും ചൈനയുടെയും പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് നേരിടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ പങ്ക് എന്ത് എന്ന ചോദ്യം ഉയരുകയാണെന്നും മോദി വിമര്‍ശിച്ചു. മൂന്നാം ലോകമഹായുദ്ധം ഉണ്ടായില്ലെങ്കിലും പല യുദ്ധങ്ങളും നടന്നുവെന്നും ഭീകരർ ചോരപ്പുഴ ഒഴുക്കിയെന്നും അപ്പോഴൊക്കെ ഐക്യരാഷ്ട്ര സഭ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഡിജിറ്റൽ ഇടപാടുകളിൽ ലോകത്ത് മികച്ച മുന്നേറ്റം നടത്താൻ ഇന്ത്യക്കായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ സ്വയം പര്യാപ്തതയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.












