ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ 75-ാ൦ വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഇന്ത്യൻ സംസ്കാരത്തിന്റെയും ചിന്തയുടെയും ശക്തമായ പ്രാതിനിധ്യമാണ് ഐക്യരാഷ്ട്രസഭയ്ക്ക് മുമ്പിൽ പ്രധാനമന്ത്രി കാഴ്ചവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലാണ് ജഗത് പ്രകാശ് നദ്ദ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഇക്കാര്യങ്ങൾ കുറിച്ചത്.
സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭയെ രൂക്ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. 130 കോടി ജനങ്ങളെ പ്രതിനിധീകരിച്ചാണ് താൻ സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ മോദി യുഎന്നിൽ ഇന്ത്യയെ സ്ഥിരാംഗമാക്കാത്തതിനെതിരെ കടുത്ത പ്രതിഷേധമറിയിക്കുകയും ചെയ്തു. മാത്രമല്ല, കൊറോണ വൈറസ് ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തമെവിടെയെന്ന സുപ്രധാന ചോദ്യവും നരേന്ദ്രമോദി ഉന്നയിച്ചു. ആരംഭംമുതൽ, ചൈനക്ക് അനുകൂലമായ നിലപാടെടുക്കുന്ന ഐക്യരാഷ്ട്ര സംഘടനയ്ക്കും ലോകാരോഗ്യ സംഘടനയ്ക്കും ശക്തമായ താക്കീതാണ് പ്രധാനമന്ത്രി ഇതിലൂടെ നൽകിയിരിക്കുന്നത്.
Discussion about this post