ന്യൂഡൽഹി : കോവിഡ് മഹാമാരി മൂലം എല്ലാവരും വീടുകളിൽ കഴിഞ്ഞതിനാൽ കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ സഹായകമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളോട് സംവദിക്കുന്ന മൻ കി ബാത്തിന്റെ 69-മത്തെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കഥകളുടെ ചരിത്രം പ്രാചീനകാലം തൊട്ടു ഉള്ളതാണെന്നും, അതിപുരാതനമായ ഒരു കഥാപാരമ്പര്യമുള്ള രാഷ്ട്രമാണ് ഭാരതമെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരു കുടുംബമെന്ന നിലയിൽ കഥ പറച്ചിലിനായി കുറച്ച് സമയം മാറ്റി വയ്ക്കുക, അതൊരു അത്ഭുതകരമായ അനുഭവം ആയിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ മഹദ് വ്യക്തികളുടെ കഥകൾ പ്രത്യേകം പരാമർശിക്കണമെന്നും ഓർമിപ്പിച്ചു. കേരളത്തിനെയും തമിഴ്നാടിനെയും പ്രത്യേകം എടുത്തു പറഞ്ഞ പ്രധാനമന്ത്രി, ഇരു സംസ്ഥാനങ്ങൾക്കും കഥ പറച്ചിലിന് ഒരു പ്രത്യേക പാരമ്പര്യം തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടി. വില്ലുപാട്ട് എന്നാണ് അതിനെ വിളിക്കുന്നതെന്നും ഇത്തരത്തിൽ കഥപറച്ചിലിയി പ്രത്യേകം വേദികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 79-മത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പോകുന്ന വേളയിൽ, എല്ലാ കഥാകാരന്മാരും ബ്രിട്ടീഷ് ഭരണകാലത്തെ പ്രചോദനകരമായ കഥകൾ ഉൾപ്പെടുത്തി കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.1857-1947 കാലഘട്ടത്തിലെ ധീരന്മാരെയും അവരുടെ ത്യാഗങ്ങളെയും കഥകളിലൂടെ നമ്മൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കണം എന്നും നരേന്ദ്രമോദി ഓർമിപ്പിച്ചു.
കാർഷിക ബില്ലിന് എതിരെ പ്രതിഷേധം നടക്കുന്ന വേളയിൽ, സത്യം തിരിച്ചറിയണമെന്നും രാജ്യത്തെ കാർഷിക മേഖല ശക്തിപ്പെടുത്താനും കർഷകർക്ക് കാർഷിക ഉൽപ്പന്നങ്ങൾ സ്വന്തമായി വിൽക്കാനുമുള്ള സ്വാതന്ത്ര്യം നൽകുകയാണ് ഈ ബില്ലിലൂടെ നടക്കുന്നതെന്നും പ്രധാനമന്ത്രി ജനങ്ങൾക്കായി വിശദീകരിച്ചു. ചില കർഷകരുടെ പ്രചോദനാത്മകമായ കഥകൾ വിശദീകരിച്ച് പ്രധാനമന്ത്രി അവരെ പ്രശംസിക്കുകയും ചെയ്തു.
Discussion about this post