തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിൽ അന്വേഷണം ശക്തമാക്കി സിബിഐ. അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘം വടക്കാഞ്ചേരി നഗരസഭാ ഓഫിസിലെത്തി. മൂന്നു പേർ അടങ്ങുന്ന സംഘം നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കൊണ്ടു പോയി.
ലൈഫ് മിഷൻ പദ്ധതിയിൽ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് വിദേശ സംഭാവന നിയന്ത്രണ നിരോധന നിയമത്തിലെ 35–ാം വകുപ്പ് പ്രകാരമാണ് സിബിഐ അന്വേഷണം. കൂടാതെ ഗൂഢാലോചനക്കുറ്റവും സിബിഐ ചുമത്തിയിട്ടുണ്ട്. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും പങ്കില്ലെന്നും വിദേശ സഹായം നേരിട്ട് സ്വീകരിച്ചില്ലെന്നുമാണ് സംസ്ഥാന സർക്കാർ വാദം. എന്നാൽ ഇത് നിലനിൽക്കില്ലെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചിരുന്നു.
യു എ ഇ കോൺസുലേറ്റും യൂണിടാകും തമ്മിലുള്ള പണമിടപാടിൽ സംസ്ഥാന സർക്കാരാണ് രണ്ടാം കക്ഷി. ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണ്. ലൈഫ് മിഷൻ പദ്ധതിയുടെ ചെയർമാനും സി ഇ ഓയും സംസ്ഥാന സർക്കാരിന്റെ ഭാഗമാണ്. അതു കൊണ്ട് തന്നെ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ഇതാണ് സിബിഐ നിലപാട്.












