പത്തനംതിട്ട : കരാറുകാരന്റെ പേരിൽ വ്യാജ ഒപ്പിട്ട് അതേ പേരുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലക്ഷങ്ങൾ തട്ടിയതായി പരാതി. ശബരിമല ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിലയ്ക്കൽ ദേവസ്വത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തിലാണ് വൻ ക്രമക്കേടുകൾ നടന്നത്.സംഭവത്തിൽ, വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018-19 വർഷത്തിൽ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കൊല്ലം പട്ടത്താനം സ്വദേശിയായ കരാറുകാരൻ വിതരണം ചെയ്ത 30 ലക്ഷം രൂപയുടെ സാമഗ്രികൾക്ക് നൽകിയ പ്രതിഫലത്തിലായിരുന്നു തട്ടിപ്പ്.8,20,935 രൂപ ചെക്ക് മുഖേന പ്രതിഫലം നൽകി. ബാക്കി പണം കൂടെ കരാറുകാരൻ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. തുടർന്ന്, കഴിഞ്ഞ വർഷം ജനുവരി മെയ് മാസങ്ങളിൽ 39,17,172 രൂപയും, 11,28,922 രൂപയും കരാറുകാരന് കൈമാറിയതായി വ്യാജരേഖ ഉണ്ടാക്കുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഈ രണ്ടു തുകയും കരാറുകാരന് ലഭിച്ചിട്ടില്ലെന്ന് മനസ്സിലായി. വൗച്ചറിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയതാണെന്നും വിജിലൻസ് കണ്ടുപിടിച്ചു.
ദേവസ്വം ജീവനക്കാർക്കായി നടത്തുന്ന മെസ്സിലേക്ക് 30 ലക്ഷം രൂപയുടെ സാമഗ്രികൾ വിതരണം ചെയ്ത സ്ഥാനത്ത് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായാണ് രേഖകളിൽ കണ്ടെത്തിയത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരേ ദേവസ്വംബോർഡ് സംരക്ഷിക്കുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
Discussion about this post