മുംബൈ: രണ്ട് മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധനാഫലം ലഭിക്കുന്ന ആര്‍ടി-പിസിആര്‍ കിറ്റുമായി റിലയന്‍സ് ലൈഫ് സയന്‍സസ്. നിലവില്‍ കൊറോണ വൈറസിലുള്ള ന്യൂക്ലിക് ആസിഡിന്റെ റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍-പോളിമറേസ് ചെയിന്‍ റിയാക്ഷനെ അടിസ്ഥാനമാക്കിയാണ് രോഗ നിര്‍ണയ പരിശോധന നടത്തുന്നത്. ഇതിന്റെ ഫലം ലഭ്യമാകാന്‍ 24 മണിക്കൂര്‍ സമയമെടുക്കും.
മുകേഷ് അംബാനി ചെയര്‍മാനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ലൈഫ് സയന്‍സസിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. കൊറോണ വൈറസിന്റെ നൂറിലധികം ജീനോമുകള്‍ വിശകലനം ചെയ്താണ് വികസിപ്പിച്ചെടുത്തത്. റിലയന്‍സ് ലൈഫ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത കിറ്റിന് ആര്-ഗ്രീന്‍ കിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. കിറ്റിന്റെ സാങ്കേതിക പരിശോധന നടത്തിയ ഐസിഎംആര്‍ തൃപ്തി അറിയിച്ചതായി കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ഐസിഎംആര്‍ ഫലം അനുസരിച്ച്, കിറ്റിന് 98.7 ശതമാനം സംവേദനക്ഷമതയുണ്ട്. തദ്ദേശീയമായാണ് വികസിപ്പിച്ചതെന്ന് റിലയന്‍സ് ലൈഫ് സയന്‍സസിലെ ഗവേഷകര്‍ വ്യക്തമാക്കി. ലളിതമായി ഉപയോഗിക്കാവുനന്ന ഈ കിറ്റിലൂടെ രണ്ട് മണിക്കൂര്‍ സമയം കൊണ്ട് രോഗനിര്‍ണയം നടത്താനാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.
Discussion about this post