ഗ്വാഹട്ടി : കൊടും ഭീകരൻ പരേഷ് ബറുവ നേതൃത്വം നൽകുന്ന തീവ്രവാദി സംഘടനയായ ഉൾഫയും ചൈനയും ഒന്നിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യ.ബറുവ നിയന്ത്രിക്കുന്ന ആസാം കേന്ദ്രീകൃത തീവ്രവാദി സംഘടനയായിരുന്ന യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് ആസാം, അഥവാ ഉൾഫ (ഐ) വടക്കു കിഴക്കൻ മേഖലകളിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്.
ചൈന കേന്ദ്രീകരിച്ച് ബറുവ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കേന്ദ്രസർക്കാർ ഗുവാഹട്ടിയിലെ ഭീകരവിരുദ്ധ ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ആയുധ സംഭരണം ഭീകരവാദികളെ റിക്രൂട്ട് ചെയ്യൽ എന്നിവയടക്കം പല വിധ്വംസക പ്രവർത്തനങ്ങളും ചൈന കേന്ദ്രീകരിച്ച് ഉൾഫ നടത്തുന്നതായി കേന്ദ്രസർക്കാർ റിപ്പോർട്ടിൽ പരാമർശിക്കുന്നു. 1990-ൽ തന്നെ ഉൾഫയെന്ന ഭീകരസംഘടനയെ ഇന്ത്യൻ സർക്കാർ നിരോധിച്ചതാണ്. ആസാമി സംസാരിക്കുന്ന തദ്ദേശവാസികൾക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്നാണ് വിഘടന വാദിയായ പരേഷ് ബറുവയും ഉൾഫയും ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുത്തതോടെ, ചൈനയിലെ യുനാൻ പ്രവിശ്യയിലെ റൂയിലി കേന്ദ്രീകരിച്ചാണ് പരേഷ് ബറുവയുടെ പ്രവർത്തനങ്ങൾ. ഇയാൾ വർഷങ്ങളായി ചൈന മ്യാന്മർ അതിർത്തിയിലെ പ്രദേശമായ റൂയിലിയിലുണ്ടെന്ന് റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഘടനവാദിയായ പരേഷ് ബറുവയ്ക്ക് ചൈനീസ് സർക്കാർ ആയുധങ്ങളും സംരക്ഷണവും നൽകുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയത്തിന് മുന്നറിയിപ്പ് ലഭിച്ചതാണ്.
നിലവിൽ, യുഎപിഎ പ്രകാരം ഉൾഫയെ നിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സർക്കാർ. ഇതിനു മതിയായ കാരണങ്ങളുണ്ടോ എന്നാണ് ട്രൈബ്യൂണൽ പരിശോധിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകോപനം സൃഷ്ടിച്ച് ആസാമിൽ വംശീയ ആക്രമണങ്ങൾക്ക് ഉൾഫ പ്രേരിപ്പിച്ചിരുന്നതായും കേന്ദ്രസർക്കാർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post