കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസ് നിർണ്ണായക വഴിത്തിരിവിൽ. കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. എറണാകുളം ചീഫ് ജിഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിൻറെ മൊഴി രേഖപ്പെടുത്താൻ ഉത്തരവിട്ടത്.
രഹസ്യമെഴി രേഖപ്പെടുത്തണം എന്ന് സന്ദീപ് ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. സ്വർണ്ണക്കടത്ത് കേസിൽ കുറ്റസമ്മതം നടത്താൻ തയ്യാറാണെന്ന് സന്ദീപ് നായർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എല്ലാ കാര്യങ്ങളും തനിക്ക് കോടതിയോട് വെളിപ്പെടുത്തണം എന്നാണ് സന്ദീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തന്റെ കുറ്റസമ്മതം കേസിൽ തെളിവാകും എന്നും സന്ദീപ് നായർ പറഞ്ഞിരുന്നു.
നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ സന്ദീപ് നായരെ എൻ ഐ എ വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു എൻ ഐ എ വീണ്ടും ചോദ്യം ചെയ്തത്. കുറ്റസമ്മതം നടത്താമെന്നുള്ള സന്ദീപ് നായരുടെ തീരുമാനം കേസിൽ നിർണ്ണായക വഴിത്തിരിവായിരിക്കുകയാണ്. കേസിൽ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന പ്രമുഖരിൽ പലരും ഇതോടെ കൂടുതൽ പ്രതിരോധത്തിൽ ആകും.












