തൃശ്ശൂരിലെ കുന്നംകുളത്തുള്ള പുതുശ്ശേരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ടത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലയാളികളിൽ ഒരാൾ അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തൃശൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ കെ സുരേന്ദ്രൻ പ്രതികരിച്ചത്.
” അർദ്ധരാത്രിയിൽ സ്വന്തം വീടിന് ഏഴു കിലോമീറ്റർ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവെക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിക്കാണ് സർക്കാർ തയ്യാറാകേണ്ടത്”- കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.












