വാഷിങ്ടൺ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ നില കുറച്ചു ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.വിദഗ്ധ ചികിത്സക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയ പ്രസിഡണ്ടിനെ ആന്റിബോഡി, സ്റ്റിറോയ്ഡ് ചികിത്സയ്ക്ക് വിധേയനാക്കിയതായും മാധ്യമങ്ങൾ അറിയിച്ചു. 74കാരനായ ട്രംപിന്റെ പ്രായം കൂടി കണക്കിലെടുത്താണ്, രോഗം മൂർച്ഛിച്ചാൽ മാത്രം നൽകുന്ന ചികിത്സകൾ അദ്ദേഹത്തിന് നേരത്തെ നൽകിയത്.
ഡൊണാൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവും വിശ്വസ്തയുമായ ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് ട്രംപ് നിരീക്ഷണത്തിൽ പോകുന്നതും കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചതും.
Discussion about this post