ന്യൂഡൽഹി : ഹത്രാസ് കേസിൽ സാക്ഷികളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി. സാക്ഷികളെ സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികൾ സംസ്ഥാനം സ്വീകരിച്ചുവെന്ന് വ്യാഴാഴ്ച്ചയോടെ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.
19 വയസ്സുള്ള ദളിത് പെൺകുട്ടി മേൽജാതിക്കാരുടെ ആക്രമണത്തിനിരയായി മരിച്ച സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. ഹത്രാസിൽ നടന്നത് ഞെട്ടിപ്പിക്കുന്നതും അസാധാരണവുമായ സംഭവമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഈ കേസിൽ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും കോടതി ഉറപ്പു നൽകിയിട്ടുണ്ട്. യുപി സർക്കാരിനു വേണ്ടി സോളിസിറ്റർ ജെനറൽ തുഷാർ മെഹ്തയാണ് ഹാജരായത്.
കേസ് സിബിഐയെ ഏൽപ്പിച്ചുകൊണ്ട് ഉത്തരവിടണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മാത്രമല്ല, ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് മരിച്ച പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്കരിച്ചതെന്നും തുഷാർ മെഹ്ത കോടതിയെ അറിയിച്ചു.
Discussion about this post