തിരുവനന്തപുരം : ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷവേളയില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടാകാന്‍ സാധ്യയുണ്ടെന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ആക്രമണ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ആയുധശേഖരണം നടത്തുന്നതായും വര്‍ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറാതിരിക്കാന്‍ അതീവ ജാഗ്രതപാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടുത്തിടെ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്. പ്രശ്നബാധിത മേഖലകളായി ജില്ലാ പൊലീസ് മേധാവികള്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്കിയ സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ എത്തിക്കാനും തീരുമാനിച്ചു.
അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായത് 32 രാഷ്ട്രീയ കൊലപാതകങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതില്‍ 18 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടുകേസുകളില്‍ ശിക്ഷ വിധിച്ചിട്ടുമുണ്ട്. പത്തുകേസുകള്‍ അന്വേഷണത്തിലാണ്.
പയ്യോളി മനോജന്, അനീഷ് രാജന്, ടി.പി. ചന്ദ്രശേഖരന്, മനോജ് കുമാര്‍, മുരളീധരന്, ദീപക് കൊലപാതക കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചാണ് അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 4,645 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അഞ്ച് വര്‍ഷത്തിനിടെ പതിനാറോളം സിപിഎം പ്രവര്‍ത്തകരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഒന്‍പതോളം ബിജെപി പ്രവര്‍ത്തകരും അക്രമണത്തില്‍ കൊല്ലപ്പെട്ടു.
രണ്ട് ഐയുഎംഎല്‍ നേതാക്കള്‍, ആര്‍എംപി നേതാവായ ടി.പി ചന്ദ്രശേഖരന്,ഒരു എസ്ജെഡി നേതാവ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു പാര്‍ട്ടി നേതാക്കളില്‍പെട്ട ചിലര്‍.
Discussion about this post