കൊച്ചി: സ്പേസ് പാർക്കിലെ സ്വപ്ന സുരേഷിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും സ്വപ്ന നൽകിയ മൊഴിയെ ഉദ്ധരിച്ച് എൻഫോഴ്സ്മെന്റ് സമർപ്പിച്ച കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.
മുഖ്യമന്ത്രിയോട് പറഞ്ഞ് സ്പേസ് പാർക്കിൽ നിയമനം നൽകാമെന്ന് ശിവശങ്കർ സ്വപ്നയ്ക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരേ ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ഇരുവരും അഞ്ചാ ആറോ തവണ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിഞ്ഞുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയേയും സ്പെഷ്യൽ ഓഫീസർ സന്തോഷിനേയും കാണാൻ സ്വപ്നയോട് ശിവശങ്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചത്. സപേസ് പാർക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാൻ നിർദേശിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെടുന്നു.
Discussion about this post