ന്യൂഡൽഹി : മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി വി.കെ ശശികല നടരാജന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഏതാണ്ട് 2,000 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് അധികൃതർ താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.
സിറുവത്തൂരും കോടനാടുമുള്ള രണ്ടു കൂറ്റൻ ബംഗ്ലാവുകളും സ്ഥലങ്ങളും ഇതിലുൾപ്പെടുന്നു. ഇവയ്ക്ക് മാത്രം ഏതാണ്ട് 300 കോടി രൂപ വില വരും. ഇവ രണ്ടും ശശികലയുടെ പേരിൽ തന്നെയാണ്. ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആകെ മൊത്തം ഇതുവരെ 65 വസ്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടു കെട്ടിയിരിക്കുന്നത്. പോയസ് ഗാർഡനിൽ, തനിക്ക് പാർക്കാൻ ആയി ശശികല പണികഴിപ്പിക്കുന്ന ബംഗ്ലാവും പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയിൽ ഉണ്ട്. ബംഗളൂരു സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ശശികല, 2021 ജനുവരി 27ന് പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.
2017-ലാണ് ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 187 വസ്തുവകകളിൽ അപ്രതീക്ഷിതമായി ആദായനികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടാവുന്നത്. ഏതാണ്ട് 1,430 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് റെയ്ഡിൽ അധികൃതർ കണ്ടെത്തിയത്.











