യുണൈറ്റഡ് നേഷൻസ് : ചൈനയിലുള്ള ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാൻ ചൈനയിൽ സമ്മർദ്ദം ചെലുത്തി നാല്പതോളം രാജ്യങ്ങൾ. അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളെ കൂടാതെ യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങളും ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനകൾക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
ഹോങ്കോങിലെ നിലവിലുള്ള സാഹചര്യത്തിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് രാജ്യങ്ങൾ ചൈനയെ അറിയിച്ചതായാണ് വിവരങ്ങൾ. ചൈനയിലെ ഷിൻജിയാങിലും ടിബറ്റിലുമുള്ള മത-വംശീയ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾ മാനിക്കണമെന്ന് നാല്പതോളം രാജ്യങ്ങൾക്കു വേണ്ടി ജർമൻ യുഎൻ അംബാസഡർ ക്രിസ്റ്റഫ് ഹ്യൂസ്ഗെൻ ചൈനയോടാവശ്യപ്പെട്ടു. അൽബാനിയ, ബോസ്നിയ, ക്യാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ നടപടികൾക്കെതിരെ കടുത്ത പ്രതിഷേധമറിയിച്ചു.
എന്നാൽ, ചൈനയുടെ ഏറ്റവും അടുത്ത സുഹൃത്തായ പാകിസ്ഥാൻ, ഷിൻജിയാങിലും ടിബറ്റിലും നടക്കുന്നത് ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റു രാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്നുമുള്ള പ്രസ്താവനയാണ് നടത്തിയത്.
Discussion about this post