പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ആം ആദ്മി എം.എൽ.എ കുൽദീപ് കുമാറിനെതിരെ കേസെടുത്ത് ഹത്രാസ് പോലീസ്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
സെപ്റ്റംബർ 29 ന് തനിക്ക് കൊറോണ സ്ഥിരീകരിച്ച വിവരം കുൽദീപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അന്ന് താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും കുൽദീപ് ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രോഗബാധിതനായ കുൽദീപ് കുമാർ ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചത്. ഒക്ടോബർ 4 ന് ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കുൽദീപ് പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ആം ആദ്മി പാർട്ടിയുടെ പാർലിമെന്റ് അംഗമായ കുൽദീപ് കുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബർ 14 ന് ബലാത്സംഗത്തിനിരയായ 19 വയസ്സുള്ള പെൺകുട്ടിയെ ഗുരുതരമായ മുറിവുകളോടെ അലിഗഢിലെ എഎംയു ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സഫ്ദർജുങ് ആശുപത്രിയിലേക്കും ശേഷം നില കൂടുതൽ വഷളായതിനെ തുടർന്ന് ഡൽഹി എയിംസിലേക്കും മാറ്റിയെങ്കിലും സെപ്റ്റംബർ 29 ന് പെൺകുട്ടി മരണപ്പെടുകയായിരുന്നു.












