കൊച്ചി : യുഎഇ കോൺസുലേറ്റ് എത്തിച്ച ഈന്തപ്പഴം വിതരണം ചെയ്തതിന് പുറകിലും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ കൈകൾ. താൻ നിർദ്ദേശിച്ച പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ചടങ്ങിന്റെ ഉദ്ഘാടനം നടത്തിയെന്ന് ശിവശങ്കർ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി പത്തോടെയാണ് ശിവശങ്കറിനെ വിട്ടയച്ചത്. കോൺസുലേറ്റിലെത്തിയ 17,000 കിലോ ഈന്തപ്പഴത്തിലെ 7,000 കിലോ കാണാതായതിനെക്കുറിച്ചും സ്വപ്നയുടെ വമ്പിച്ച സ്വത്തുക്കളെപ്പറ്റിയും തനിക്കൊന്നുമറിയില്ലെന്ന നിലപാടിലാണ് ശിവശങ്കർ. സ്വപ്നയ്ക്ക് കമ്മീഷനായി കിട്ടിയ തുക ഡോളറാക്കി മാറ്റിയതിലും ശിവശങ്കരറിന്റെ കയ്യുണ്ടെന്നാണ് കസ്റ്റംസിന്റെ നിഗമനം.എന്നാൽ, ഈ കാര്യവും ശിവശങ്കർ നിഷേധിക്കുകയാണ് ചെയ്തത്. ശിവശങ്കറിന്റെ അറിവോടെ സ്വപ്ന ലോക്കറിൽ സൂക്ഷിച്ച 30 ലക്ഷത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോഴും ഇയാൾ കൃത്യമായി മറുപടി നൽകിയില്ല.
സ്വപ്ന അക്കൗണ്ട് തുടങ്ങിയത് താൻ പറഞ്ഞിട്ടല്ലെന്നാണ് ശിവശങ്കർ പറയുന്നത്. ശിവശങ്കറിനെതിരെയുള്ള തെളിവുകൾ എല്ലാം തന്നെ ലഭ്യമായിട്ടുണ്ടെന്നും, ചില കാര്യങ്ങളിൽ കൂടി മാത്രമാണ് വ്യക്തത വരാനുള്ളതെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.











