ഡൽഹി :ചൈനയെ ഞെട്ടിച്ച് സുഹൃദ് രാജ്യമായ പാകിസ്ഥാൻ. ചൈനയുടെ ജനപ്രിയ ആപ്പായ ടിക് ടോകിനെ പാകിസ്ഥാനും നിരോധിച്ചു. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് പാക് സർക്കാർ നിരോധിച്ചത്.
രാജ്യസുരക്ഷ മുൻനിർത്തി ടിക്-ടോക്ക് ഉൾപ്പെടെ നൂറിലധികം ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് പാകിസ്ഥാൻ ഈ കാര്യം അറിയിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ടെലികോം അതോറിറ്റി ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക്ക് തടഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം. സുരക്ഷയല്ല പാകിസ്ഥാൻറെ പ്രശ്നമെന്നും സംസ്കാര സംരക്ഷണത്തിനാണ് ഈ നടപടി സ്വീകരിച്ചതെന്നും പാകിസ്ഥാൻ പറഞ്ഞു. ആപ്ലിക്കേഷൻ മെച്ചപ്പെടുത്തുമെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി (പി.ടി.എ) തീരുമാനം പുന:പരിശോധിക്കുമെന്നും പാകിസ്ഥാൻ ചൈനയെ അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ വിഷയത്തിൽ ചൈനയുമായി സംസാരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വിവര സാങ്കേതിക വകുപ്പ് മന്ത്രി ഷിബ്ലി ഫറാജ് പറഞ്ഞു. ഡാറ്റാ സുരക്ഷയേക്കാൾ അശ്ലീലവീഡിയോ പ്രചരിച്ചതിനാലാണ് ആപ്ലിക്കേഷൻ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post