കോട്ടയം : ജോസ്. കെ. മാണി ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജോസ്. കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് കെ.സുരേന്ദ്രന്റെ ഈ നിർണായക പ്രസ്താവന.
സുരേന്ദ്രന്റെ പ്രതികരണത്തിനു പിന്നാലെ ജോസ്. കെ. മാണി ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയിൽ ചേരുമെന്ന സൂചനകൾ നൽകി പി.ജെ ജോസഫും രംഗത്തു വന്നിരുന്നു. ജോസിന് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനാവില്ലെന്നും, അത്തരത്തിലൊരു തീരുമാനമെടുത്തതായി കരുതുന്നില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ മുന്നണിമാറ്റ പ്രഖ്യാപനം ഉണ്ടാകുമെന്ന് വാർത്താ സമ്മേളനം നടത്തി നേരത്തെ ജോസ്.കെ. മാണി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെ.സുരേന്ദ്രന്റെയും പി.ജെ ജോസഫിന്റെയും പ്രതികരണം.
ഇതുവരെയാരും ചിന്തിക്കാത്ത ചില സസ്പെൻസുകൾ മുന്നണി മാറ്റത്തിൽ ഉണ്ടാകുമെന്നും കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുന്ന തീരുമാനമായിരിക്കും അതെന്നും നേരത്തെ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോസ്.കെ.മാണി പറഞ്ഞിരുന്നു. കെ.സുരേന്ദ്രൻ, പി.ജെ ജോസഫ്, ജോസ്. കെ. മാണി എന്നിവർ നിലപാടുകൾ വ്യക്തമാക്കിയതിൽ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം എൻ. ഡി. എ മുന്നണിയിലെത്തുമെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
Discussion about this post