ട്രിപ്പോളി:ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ തീവ്രവാദികൾ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെയും വിട്ടയച്ചു. എല്ലാവരും പൂർണ്ണമായും സുരക്ഷിതരാണ്. ടുണീഷ്യയിലെ ഇന്ത്യൻ പ്രതിനിധി പുനീത് റോയ് കുണ്ടാൽ ആണ് ഇഉതു സംബന്ധിച്ച് വിവരങ്ങൾ നൽകിയത്.
ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരെയാണ് ലിബിയയിൽ ഭീകരർ ബന്ദികളാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 14 നാണ് ലിബിയയിലെ അസഹ്വെരിഫ് പ്രദേശത്ത് നിന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയത്. ഇന്ത്യയിലേക്ക് മടങ്ങാൻ ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവരെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്.
വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യ വിഷയത്തിൽ ഇടപെട്ട് ഇവരുടെ മോചനത്തിനായുള്ള ശ്രമം ആരംഭിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ സജീവമായി ഇടപെടുകയും ചെയ്തു. അവരെ മോചിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിരുന്നു. എല്ലാ പൗരന്മാരും ലിബിയയിലെ കൺസ്ട്രക്ഷൻ ആൻഡ് ഓയിൽ ഫീൽഡ് സപ്ലൈ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്.
ലിബിയയിൽ ഇന്ത്യയുടെ എംബസി ഇല്ല. അയൽ രാജ്യമായ ടുണീഷ്യയിലെ ഇന്ത്യൻ എംബസിയാണ് ലിബിയയിലെ ഇന്ത്യൻ പൗരന്മാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ലിബിയൻ സർക്കാരുമായും അവിടത്തെ അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കാൻ ടുണീഷ്യയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ശക്തമായി ഇടപെട്ടിരുന്നു.











