കോഴിക്കോട് : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതായി സൂചന. അബുദാബി പോലീസ് നല്കിയ വിവരപ്രകാരം കഴിഞ്ഞദിവസം കരിപ്പൂരില്‍ പിടിയിലായ തിരുനാവായ സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഐ.എസില്‍ ചേര്‍ന്ന കോഴിക്കോട് സ്വദേശിയെപ്പറ്റി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു വിവരം ലഭിച്ചത്. ഇയാളെ ചോദ്യംചെയ്തശേഷം വിട്ടയച്ചു.
പഠനാവശ്യത്തിനായി ദുബായിലെത്തിയ 23 വയസുള്ള കോഴിക്കോട് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്നും ഇയാള്‍ മരിച്ചെന്നു സംശയിക്കുന്നതായും തുടരന്വേഷണത്തില്‍ അബുദാബി പോലീസ് കേന്ദ്ര ഐ.ബിയെ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ മലയാളികള്‍ ഐ.എസുമായി സഹകരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു. ഇത്തരം പത്തോളം പേരുടെ നാട്ടിലെ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു.
നവ മാധ്യമങ്ങളിലൂടെ ഐഎസിനെ പിന്തുണച്ച രണ്ട് മലയാളികളെ യുഎഇ തിരിച്ചയച്ചു.
ഐ.എസ്. ജിഹാദിനെ അനുകൂലിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പങ്കിട്ട നിരവധി യുവാക്കളെ മാസങ്ങള്‍ക്കു മുമ്പ് അബുദാബി പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തശേഷം, മിക്കവരുടെയും വിസ റദ്ദാക്കി നാട്ടിലേക്കയച്ചു. ഇക്കൂട്ടത്തില്പെട്ടയാളാണു കഴിഞ്ഞദിവസം പിടിയിലായ തിരുനാവായ സ്വദേശി ജാബിര്മോന് (23). താന്‍ ജിഹാദില്‍ വിശ്വസിക്കുന്നുവെന്നാണു ജാബിര്‍ അബുദാബി പോലീസിനു നല്കിയ മൊഴി. തുടര്‍ന്ന് ഇയാളെ നാട്ടിലേക്കു മടക്കിയയയ്ക്കുകയും കേന്ദ്ര ഇന്റലിജന്‍സിനു വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 29നു കരിപ്പൂരിലെത്തിയ ജാബിറിനെ ഐ.ബിയും എമിഗ്രേഷന്‍ വിഭാഗവുംചേര്ന്നു കസ്റ്റഡിയിലെടുത്തു. എന്നാല്‍, രഹസ്യാന്വേഷണവിഭാഗങ്ങള്‍ നടത്തിയ ചോദ്യംചെയ്ലില്‍ ഇയയാള്ക്ക് ഐ.എസുമായി ബന്ധമില്ലെന്നു കണ്ട് വിട്ടയയ്ക്കുകയായിരുന്നു. ഐ.എസുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തതല്ലാതെ, ഭീകരസംഘടനയുമായി നേരിട്ടു ബന്ധമില്ലെന്ന നിഗമനത്തിലാണു വിട്ടയച്ചത്. എന്നാല്‍, ഇയാള്‍ തുടര്‍ന്നും നിരീക്ഷണത്തിലായിരിക്കും.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു പണവും സിറിയയില്‍ ജോലിയും വാഗ്ദാനം ചെയ്ത്, ദുബായ് കേന്ദ്രീകരിച്ചു വിദ്യാര്ഥികളടക്കമുള്ളവര്ക്കു സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ആകൃഷ്ടരാകുന്ന ചെറുപ്പക്കാരെ ഐ.എസില്‍ ഉള്‍പ്പെടുത്തുന്നതായും രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ചെറുപ്പക്കാരുടെ പ്രൊഫൈലുകള്‍ പരിശോധിച്ച്, അവരുടെ താല്പര്യം മനസിലാക്കിയാണ് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത്. താനൂര്‍, പരപ്പനങ്ങാടി, വളാഞ്ചേരി മേഖലയിലുള്ള ചില വിദ്യാര്‍ഥികളെയും ഐ.എസ്. ബന്ധത്തിന്റെ പേരില്‍ അബുദാബി പോലീസ് ചോദ്യംചെയ്തതായി വിവരമുണ്ട്.
ഇത്തരക്കാരെ നാട്ടിലേക്കു മടക്കിയയയ്ക്കുമ്പോള് കേന്ദ്ര ഇന്റലിജന്‍സിനു വിവരം കൈമാറുന്നതിനാല്‍ വിമാനത്താവളത്തില്‍ ചോദ്യംചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യും.
Discussion about this post