കോട്ടയം : ബാർകോഴ കേസിൽ കെ.എം മാണിക്കെതിരെയുള്ള ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്. ഒരു സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയിൽ അടൂർ പ്രകാശ്, പിസി ജോർജ്, ജോസഫ് വാഴക്കൻ, ആർ. ബാലകൃഷ്ണ പിള്ള എന്നിവരും പങ്കാളികളായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജോസ്.കെ. മാണിയുടെ മുന്നണി പ്രഖ്യാപനത്തിനുശേഷം കെ. എം മാണിയെ ചില കോൺഗ്രസ് നേതാക്കൾ പിന്നിൽ നിന്നും കുത്തിയെന്ന് പലതവണ ജോസ്.കെ. മാണി ആവർത്തിച്ചിരുന്നു. ആ കോൺഗ്രസ് നേതാക്കൾ ആരെല്ലാമാണെന്നുള്ള സൂചനകളാണ് ഈ റിപ്പോർട്ടിൽ നിന്നും ലഭിക്കുന്നത്. എറണാകുളത്ത് ഒരു അഭിഭാഷകനെ സാന്നിധ്യത്തിലും മുണ്ടക്കയത്തെ സർക്കാർ അതിഥി മന്ദിരത്തിലും വെച്ചാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ ഗൂഢാലോചനയെക്കുറിച്ച് ഉമ്മൻചാണ്ടിക്കും അറിവുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.







