ന്യൂഡൽഹി : രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടെന്ന് കോവിഡിനെ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചാൽ അടുത്ത വർഷം ആദ്യത്തോടെ വൈറസിന്റെ വ്യാപനം പൂർണമായും നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്നും വിദഗ്ധ സമിതി പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ശൈത്യ കാലത്തും ഉത്സവ സീസണിലും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം വീണ്ടും അതിന്റെ മൂർധന്യാവസ്ഥയിലെത്തുമെന്ന് വിദഗ്ധ സമിതി വിശദമാക്കി. വിവിധ ഐഐടികളിലെയും ഐസിഎംആറിലേയും വിദഗ്ധർ ഉൾപ്പെടുന്ന സമിതിയാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായാൽ പ്രതിമാസം 26 ലക്ഷം രോഗികൾ വരെയുണ്ടാകാൻ സാധ്യതയുണ്ട്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയിലെ മരണസംഖ്യ 25 ലക്ഷത്തോളം ആവുമായിരുന്നുവെന്നും എന്നാൽ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 1.15 ലക്ഷം പേർ മാത്രമാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടു വരെ ഇളവുകൾ നൽകിയതിനാലാണ് സെപ്റ്റംബർ എട്ടിന് ശേഷം കേരളത്തിലെ കോവിഡ് രോഗികളുടെയെണ്ണത്തിൽ വർധനവുണ്ടായതെന്ന് സമിതി കണ്ടെത്തി.








