ലഡാക്ക്: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്ത് കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സൈന്യം പിടികൂടി. ലഡാക്കിലെ ചുമാർ- ദെംചോക് മേഖലയിൽ നിന്നാണ് ചൈനീസ് പട്ടാളക്കാരനെ പിടികൂടിയിരിക്കുന്നത്. ഷാംഷിയിൽ നിന്നുള്ള വാംഗ് യാ ലോംഗ് എന്ന കോർപ്പറൽ ആണ് പിടിയിലായിരിക്കുന്നത്. ഇയാളിൽ നിന്നും സൈനിക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
അനുവദനീയമല്ലാത്ത പ്രദേശത്ത് പ്രവേശിച്ചതിനാണ് ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചനയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന് പിന്നിലെ അട്ടിമറി ശ്രമങ്ങളെക്കുറിച്ച് സൈന്യവും കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചു. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ചാരവൃത്തിയുടെ സാദ്ധ്യതയും അന്വേഷിക്കുന്നുണ്ട്. മേഖലയിലെ ഇന്ത്യൻ സന്നാഹത്തെക്കുറിച്ച് നിരീക്ഷിച്ച് വിവരം ചോർത്താൻ ഇയാൾ ശ്രമിച്ചതായി സൂചനയുണ്ട്.












