നോയിഡ : ഉത്തർപ്രദേശിൽ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നടപ്പിലാക്കുന്ന മിഷൻ ശക്തിയുടെ വിജയകരമായി നടപ്പിലാക്കാൻ പൊതുജനങ്ങളുടെ സഹായം ആവശ്യപ്പെട്ട് പോലീസ്.സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാൻ വേണ്ടി നോയിഡയിലെ സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്ത വഴികളും സുരക്ഷിതമല്ലാത്ത പ്രദേശങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളോട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യു.പി പോലീസ്.
ഈ പ്രദേശങ്ങളിലെല്ലാം തന്നെ സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ നൽകുന്നമെന്ന് പോലീസ് വ്യക്തമാക്കി. ജനങ്ങൾക്ക് നിർദേശം നൽകുന്നതിനായി പ്രത്യേകം നമ്പറും പോലീസ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കെതിരെ അക്രമങ്ങൾ ഉണ്ടാവുകയാണെങ്കിൽ പോലീസ് നൽകുന്ന നമ്പറിലേക്ക് വിളിക്കുകയോ ലൊക്കേഷൻ അയക്കുകയോ ചെയ്യണമെന്ന് സ്ത്രീസുരക്ഷയുടെ ചുമതലയുള്ള ഡിസിപി വൃന്ദ ശുക്ല വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു അറിയിപ്പ് ലഭിച്ചതോടു കൂടി സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത പ്രദേശങ്ങളെപറ്റിയും സ്ത്രീകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സുരക്ഷിതമല്ലാത്ത വഴികളെപ്പറ്റിയും നിരവധി ആളുകളാണ് റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചതോടെ, യു.പി പോലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. നവരാത്രിയോടനുബന്ധിച്ച് യോഗി ആദിത്യനാഥ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന മിഷൻ ശക്തി സമഗ്രമായ സ്ത്രീസുരക്ഷ ലക്ഷ്യമിട്ടുകൊണ്ടുള്ള പോലീസ് ദൗത്യമാണ്.
Discussion about this post