ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന്നലെയാണ് നികിതാ തോമറെന്ന പെൺകുട്ടിയെ കാമുകനും കൂട്ടുകാരനും ചേർന്ന് കൊലപ്പെടുത്തിയത്. നികിതയുടെ കാമുകൻ മതം മാറാനും വിവാഹം കഴിക്കാനും പെൺകുട്ടിയെ നിർബന്ധിച്ചിരുന്നതായി നികിതയുടെ ബന്ധുക്കൾ ആരോപിച്ചു.
ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയായ നികിത ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് എ.സി.പി ബല്ലബ്ഗർ ജയ്‌വീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
നികിതയെ കാമുകൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പെൺകുട്ടി ശക്തമായി എതിർത്തതോടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. നികിതയെ കൊലപ്പെടുത്തിയ കാമുകനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.












