കൊച്ചി : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് മാസം നീണ്ട അന്വേഷണത്തിൽ ശിവശങ്കർ കുടുങ്ങിയത് 94–ാം ചോദ്യത്തിൽ. അഭ്യൂഹങ്ങൾ, വിവാദങ്ങൾ, ദേഹാസ്വാസ്ഥ്യം, ആശുപത്രിവാസം, മുൻകൂർ ജാമ്യാപേക്ഷ എന്നിവയ്ക്കെല്ലാം ശേഷം ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഈ ചോദ്യമാണ്.
ജൂലൈ അഞ്ചാം തീയതി രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിൽ സ്വപ്ന പ്രതിയായതോടെയാണ് കസ്റ്റംസ് അന്വേഷണത്തിന്റെ തുമ്പു പിടിച്ച് ശിവശങ്കറിലേക്ക് എത്തിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ശിവശങ്കർ പിടിച്ചു നിന്നു. എന്നാൽ, 94–ാം ചോദ്യത്തിൽ ഇയാൾ നൽകിയ അവ്യക്തമായ ഉത്തരമാണ് അറസ്റ്റിലേക്കു നയിച്ചത്.
“സ്വപ്നയുമായി സംയുക്ത ബാങ്ക് ലോക്കർ തുറക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനോട് നിർദ്ദേശിച്ചിട്ടില്ലെന്നാണ് താങ്കൾ മുൻപ് പറഞ്ഞത്. ലോക്കറിൽ വയ്ക്കാൻ സ്വപ്ന എത്ര തുകയാണ് വേണുഗോപാലിന് കൈമാറിയതെന്ന് അറിയില്ലെന്നും താങ്കൾ പറഞ്ഞു. ലോക്കർ ഇടപാടുകൾ ഓരോന്നും വേണുഗോപാൽ താങ്കളെ അറിയിക്കാറില്ലെന്നും പറഞ്ഞു. എന്നാൽ, വേണുഗോപാൽ നൽകിയ മൊഴികളും നിങ്ങൾ തമ്മിലുള്ള വാട്സപ്പ് സന്ദേശങ്ങളും താങ്കളുടെ മൊഴികൾ വാസ്തവ വിരുദ്ധമാണെന്ന് തെളിയിക്കുന്നു.” 94–ാം ചോദ്യമിതാണ്.
“മുൻ ഉത്തരങ്ങളിൽ ഉറച്ചു നിൽക്കുന്നു. ഒരു തുക രേഖപ്പെടുത്തിയ വാട്സ്ആപ്പ് സന്ദേശം നിങ്ങളെന്നെ കാണിച്ചു. അതായിരിക്കാം കൈമാറിയ തുക. മുൻ ചോദ്യങ്ങൾക്കുത്തരം നൽകിയപ്പോൾ, പരിശോധിക്കാനായി വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എന്റെ കൈവശം ഉണ്ടായിരുന്നില്ല. അതു കൊണ്ട്, ഞാൻ പറഞ്ഞതെല്ലാം തെറ്റാണെന്ന് വാദം പൂർണമായി ന്യായീകരിക്കാൻ കഴിയില്ല. ലോക്കറിന്റെ ഇടപാടുകൾ വേണുഗോപാൽ എന്നെ അറിയിച്ചതിന്റെ സൂചനയല്ല വാട്സ്ആപ്പ് സന്ദേശങ്ങൾ.” എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം.












