കൊച്ചി: നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌നയ്ക്കുവേണ്ടി താന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കഴിഞ്ഞ ഒക്ടോബര്‍ 15ന് നടന്ന ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം ഇഡിയോട് സമ്മതിച്ചത്. ശിവശങ്കറിന്റെ അറസ്റ്റു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരത്തെ നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ പലവട്ടം സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും താന്‍ തയ്യാറായിരുന്നില്ല എന്നാണ് എന്‍ഐഎ അടക്കമുള്ള ഏജന്‍സികളോട് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും എന്‍ഐഎയും അറസ്റ്റു ചെയ്യാതിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റു ചെയ്യുമെന്നാണ് സൂചന.
ഇതിനു പുറമെ 21 തവണ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കാര്യത്തിലും ശിവശങ്കറിന് പങ്കാളിത്തമുണ്ടായിരുന്നുവെന്നും അറസ്റ്റു റിപ്പോര്‍ട്ടില്‍ ഉണ്ട്. 2019-20 കാലഘട്ടത്തിലായാണ് 21 തവണ സ്വര്‍ണം കടത്തിയത്. ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഇഡി വ്യക്തമാക്കുന്നു.
ബുധനാഴ്ച കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇ.ഡി അറസ്റ്റിലേക്ക് നീങ്ങിയത്.
30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഇ.ഡിയുടെ സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയിലെ എന്‍ഫോഴ്സ്മെന്റിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലിനെ ഇ.ഡി വിളിച്ചുവരുത്തി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്.
കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആദ്യം അറസ്റ്റ് രേഖപ്പെടുത്തേണ്ടത് ഏത് ഏജന്‍സിയാണെന്ന കാര്യത്തില്‍ കസ്റ്റംസിനും ഇഡിക്കും ഇടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒടുവില്‍ വിവിധ തലങ്ങള്‍ക്കിടയില്‍ നടന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ ശിവശങ്കറെ കസ്റ്റഡിയിലെടുത്ത ഇഡി തന്നെ അറസ്റ്റ് ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സമെന്‍റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനേയും കൊണ്ട് കൊച്ചിയിലേക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോയത്. തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി. തുടര്‍ന്ന് ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂര്‍ പിന്നിട്ടതോടെ അറസ്റ്റ് ചെയ്യാന്‍ തീരുമാനമായിരുന്നു.
Discussion about this post