ഇസ്ലാമാബാദ്: പാകിസ്ഥാൻ സർക്കാരിന് കനത്ത നാണക്കേടുണ്ടാക്കി പാർലമെന്റിൽ ‘മോദി, മോദി‘ ഘോഷങ്ങളുമായി എം പിമാർ. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രസംഗിക്കവെയാണ് ബലൂചിസ്ഥാനിൽ നിന്നുള്ള എം പിമാർ മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റത്. അപമാനിതനായ ഖുറേഷി ക്ഷുഭിതനായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊവിഡ് രോഗബാധ നിയന്ത്രിക്കുന്നതിൽ പാക് സർക്കാർ പരാജയപ്പെട്ടതും ഇന്ത്യ നേട്ടങ്ങൾ കൈവരിച്ചതും എം പിമാർ ചൂണ്ടിക്കാട്ടി. ഭിന്നസ്വരങ്ങളെ പാക് ഭരണകൂടം അടിച്ചമർത്തുകയാണെന്നും അവർ ആരോപിച്ചു. ആസാദി മുദ്രാവാക്യങ്ങളും എം പിമാർ പാക് പാർലമെന്റിൽ മുഴക്കി.
ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം ഷാ മുഹമ്മദ് ഖുറേഷി അവതരിപ്പിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പി എം എൽ- എൻ നേതാവ് ഖവാജ ആസിഫിന് നരേന്ദ്ര മോദിയുടെ ബാധ കൂടിയതായി ഖുറേഷി ആരോപിച്ചു. ബലൂചിസ്ഥാൻ സ്വാതന്ത്ര്യം എന്ന ആശയം അപകടകരമാണെന്നും പാക് പാർലമെന്റിൽ ഇന്ത്യയെ അനുകൂലിക്കുന്നത് ഖേദകരമാണെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സേന പിടിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കുമെന്ന് അറിഞ്ഞ്, അന്നത്തെ മീറ്റിംഗില്‍ കരസേനാ മേധാവി ജനറല്‍ ക്വമര്‍ ജാവേദ് ബജ്വയുടെ കാലുകള്‍ വിറയ്ക്കുന്നതായും അദ്ദേഹം വിയര്‍ക്കുന്നതായും കണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ (പിഎംഎല്‍-എന്‍) നേതാവ് അയാസ് സാദിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ബലൂചിസ്ഥാനിലും സിന്ധിലും ഖൈബർ പഷ്തൂണിലും മനുഷ്യാവകാശ പ്രക്ഷോഭങ്ങൾ ശക്തമാകുന്നത് പാകിസ്ഥാൻ സർക്കാരിന് കനത്ത തലവേദന സൃഷ്ടിക്കുകയാണ്. കശ്മീരിൽ വിഘടനവാദം വളർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് അതേ നാണയത്തിൽ ലഭിക്കുന്ന തിരിച്ചടിയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഇത്തരം സംഭവങ്ങളെ വ്യാഖ്യാനിക്കുന്നത്.












