കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളായ നൗഷാദ്, അക്ബർ അലി, പെണ്‍കുട്ടിക്ക് നേരില്‍ കണ്ടാല്‍ തിരിച്ചറിയാനാകുന്ന നൗഷാദിന്‍റെ മറ്റൊരു സുഹൃത്ത് എന്നിവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
പെൺകുട്ടിയെ വട്ടകിണര്‍ സ്വദേശി നൗഷാദ് പ്രണയം നടിച്ച് വയനാട് മുട്ടിലിലുള്ള സര്‍ക്കാരുദ്യോഗസ്ഥന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളടക്കം മൂന്നുപേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി മൊഴി നൽകിയിരിക്കുന്നത്. നൗഷാദിനെ അറസ്റ്റു ചെയ്ത് പീഡനം നടന്ന മുട്ടിലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.
അതേസമയം കേസിൽ പ്രതിയായ വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം.












