തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന് കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് സമ്മാനിച്ച അഞ്ച് ഐ ഫോണുകളിൽ ഒന്ന് ലഭിച്ചത് ശിവശങ്കറിനാണെന്ന് ഇഡി കണ്ടെത്തി.
അതേസമയം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്നലെ രാത്രിയിലും ഭക്ഷണം കഴിക്കാൻ ശിവശങ്കർ കൂട്ടാക്കിയില്ല. ഇത് ചോദ്യം ചെയ്യലിനെ ബാധിക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
എൻഫോഴ്സ്മെന്‍റിന്‍റെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ ഒപ്പിട്ട് നൽകിയ മൊഴി പകർപ്പിൽ താൻ ഉപയോഗിക്കുന്ന ഫോണുകളുടെ ഐഎംഇഐ നമ്പർകൂടി നൽകിയിരുന്നു. യൂണിടാക് ഹൈക്കോടതിയിൽ സമർപ്പിച്ച ഫോണുകളുടെ ബില്ലിലെ ഐഎംഇഐ നമ്പറും ശിവശങ്കർ ഉപയോഗിക്കുന്ന ഫോണുകളിലൊന്നിന്റെ നമ്പറും ഒന്നാണെന്ന് സ്ഥിരീകരിച്ചു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലുകോടി നാൽപ്പത്തിയെട്ട് ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ഐ ഫോണുകൾ കൂടി സ്വപ്ന സുരേഷിന് നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഈ ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോൺ ആണ് ലൈഫ് മിഷൻ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിന് ലഭിച്ചത് എന്നാണ് വ്യക്തമായിരിക്കുന്നത്.
ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള ഹൈക്കോടതി സ്റ്റേ മാറിക്കിട്ടിയാൽ എം ശിവശങ്കറിനെ സിബിഐയും ചോദ്യം ചെയ്യും. യൂണിടാക് ഉടമ അഞ്ച് ഫോണുകൾ സമ്മാനമായി നൽകിയത് കോഴയായി കണക്കാക്കാമെന്നാണ് സിബിഐയുടെ പക്ഷം. സന്തോഷ് ഈപ്പൻ നൽകിയ അഞ്ച് ഫോണുകളിൽ ബാക്കി മൂന്നെണ്ണം പൊതുഭരണ വകുപ്പിലെ അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവ്, പ്രവീൺ, ജിത്തു എന്നിവർക്കാണ് ലഭിച്ചത്. ഒരു ഫോൺ ആരാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
Discussion about this post