ഫരീദാബാദ് : ഫരീദാബാദിൽ കൊല്ലപ്പെട്ട നികിതാ തോമറെന്ന പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബല്ലഭ്ഗഡിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. പ്രദേശത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ച ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങൾ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത് ദേശീയപാത ഉപരോധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ബല്ലഭ്ഗഡിൽ മഹാപഞ്ചായത്ത് വിളിച്ചു ചേർക്കാൻ ആർക്കും അനുമതി നൽകിയിരുന്നില്ലെന്ന് ഹരിയാന പോലീസ് ഡിസിപി സുമേർ സിംഗ് പറഞ്ഞു. നികിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ തൗസീഫ്, രഹാൻ എന്നിവരെ ഇതിനോടകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, ലവ് ജിഹാദിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നൽകികൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്തു വന്നിരുന്നു.
ഒക്ടോബർ 26 നായിരുന്നു ഹരിയാനയെ നടുക്കിയ കൊലപാതകം. ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയായ നികിത, ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്നിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിക്കുകയായിരുന്നു.
Discussion about this post